Kerala, News

സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 19പേര്‍ക്ക്; 10പേരും കണ്ണൂരില്‍;16 പേർ രോഗമുക്തരായി

keralanews corona confirmed in 19 persons in the state today ten from kannur and 16 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 19പേര്‍ക്ക്.കണ്ണൂരില്‍ പത്ത് പേര്‍ക്കും, പാലക്കാട് നാല് പേര്‍ക്കും, കാസര്‍കോട് മൂന്ന് പേര്‍ക്കും കൊല്ലം മലപ്പുറം എന്നീ ജില്ലകളില്‍ ഓരോ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിലെ രോഗികളിൽ 9 പേർ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്കു സമ്പർക്കം വഴിയും രോഗം ബാധിച്ചു. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗബാധയുണ്ടായ ഓരോരുത്തർ തമിഴ്നാട്ടിൽനിന്നും എത്തിയവരാണ്. ഇന്നത്തെ ഏറ്റവും പുതിയ സ്ഥിരീകരണത്തോടെ കണ്ണൂര്‍ ജില്ല ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയായി മാറിയതായി മുഖ്യമന്ത്രി അറിയിച്ചു.കണ്ണൂരിൽ കുറെ പേർ റോഡിലിറങ്ങിയതായും പുതിയ സ്ഥിരീകരണങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗൺ കർശനമാക്കാനുള്ള നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുമെന്നും ഹോട്ട് സ്പോട്ട് സ്ഥലങ്ങൾ സീൽ ചെയ്യുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളുടെ ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുന്നത് ആലോചിക്കുമെന്നും വൈദ്യുതി കുടിശ്ശിക 18 ല്‍ നിന്ന് 12 ആക്കുന്നത് ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിശുദ്ധ റമദാന്‍ മാസം വരുന്ന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളിൽ നിലവിലെ സ്ഥിതി തുടരണമെന്ന് മതപണ്ഡിതരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇഫ്താർ, ജുമുഅ എന്നിവ വേണ്ടെന്ന് വെയ്ക്കാനും മതപണ്ഡിതർ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഭാവി കണക്കിലെടുത്ത് കൂടിച്ചരലുകളും കൂട്ട പ്രാര്‍ഥനകളും മാറ്റിവെച്ച മതപണ്ഡിതന്മാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 426 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 117 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 36,667 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 36,335 പേര്‍ വീടുകളിലാണ്. രോഗലക്ഷണങ്ങളുള്ള 332 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 112 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 20,252 സാമ്ബിളുകള്‍ പരിശോധനയ്ക്ക അയച്ചു. 19,442 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. രോഗലക്ഷണമില്ലെങ്കിലും മാര്‍ച്ച്‌ 12നും ഏപ്രില്‍ 22നും ഇടയില്‍ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈറിസ്ക് കോണ്‍ടാക്ടുകളിലുള്ള മുഴുവന്‍ പേരുടെയും സാംപിള്‍ പരിശോധിക്കും. 53 പേരാണ് ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ചികിത്സയിലുള്ളത്.

Previous ArticleNext Article