കാസര്‍കോട്:ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് കൊറോണ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.വ്യാഴാഴ്ച മൂന്നു പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാളുടെ ഈ വിദ്യാർത്ഥിനി.പത്ത് എ ക്ലാസ്സിലിരുന്നാണ് ഈ കുട്ടി പരീക്ഷ എഴുതിയത്. ഈ ക്ലാസില്‍ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും സഹപാഠികളും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.ഒപ്പം വിദ്യാർത്ഥിനി പഠിച്ചിരുന്ന പത്ത് എഫ് ഡിവിഷനിലെ സഹപാഠികളോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥിനി പരീക്ഷയെഴുതിയ ക്ലാസ്സിലെ ഇൻവിജിലേറ്ററും നിരീക്ഷണത്തിൽ പോകേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.പ്രാഥമിക സമ്പർക്കത്തിൽ ഏര്‍പ്പെട്ട കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയില്‍ 11 നും 56 വയസിനും ഇടയിലുള്ള 34 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു.കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കാസര്‍കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നല്കിയിരിക്കുകയാണ്.കേരള കേന്ദ്രസര്‍വ്വകലാശാലയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. കാസർകോട് മെഡിക്കൽ കോളേജ് ഉടൻ പ്രവർത്തന സജ്ജമാക്കും. ജില്ലയിൽ ലോക്ഡൌൺ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കുമെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു.ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 11 പേർ കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവരും 23 പേർ ദുബായിൽ നിന്നും വന്നവരുമാണ്.ഇതിൽ 9 സ്ത്രീകളും 25 പുരുഷന്മാരുമാണ്.ജില്ലയില്‍ 6085 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 103 പേരെ ആശുപത്രികളിലാണ് നിരീക്ഷിക്കുന്നത്.308 പേരുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്.