തിരുവനന്തപുരം:മെഡിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം.അഴിമതി വിവാദത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ചതുപോലും അറിഞ്ഞില്ലെന്നു അംഗങ്ങൾ കുറ്റപ്പെടുത്തി.കമ്മീഷനെ വെച്ചത് അതീവ രഹസ്യമായിട്ടാണെന്നും അതിനാലാണ് അംഗങ്ങളെ അറിയിക്കാതിരുന്നതെന്നും കുമ്മനം യോഗത്തിൽ പറഞ്ഞു.തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നെന്നു ആരോപണ വിധേയനായ എം.ടി രമേശ് പറഞ്ഞു.ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചു.കോഴ വിഷയത്തിലും റിപ്പോർട് ചോർന്നതിലും കർശന നടപടിയുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് പറഞ്ഞു.അഴിമതി സംബന്ധിച്ച റിപ്പോർട് ചോർന്നത് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.സംസ്ഥാന ഘടകത്തിലെ കടുത്ത വിഭാഗീയതയാണ് റിപ്പോർട് ചോർച്ചയ്ക്ക് കാരണമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.