കണ്ണൂർ:ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ സ്ഥാപനത്തില്‍ നിയമനം നൽകിയ സംഭവത്തിൽ വിവാദം തുടരുന്നു. മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയായ തില്ലങ്കേരിയിലെ സിപിഎം പ്രവര്‍ത്തകന്‍റെ സഹോദരിക്കാണ് കോണ്‍ഗ്രസ് നേതാവും കെ പി സി സി നിര്‍വാഹക സമിതിയംഗവുമായ മമ്പറം ദിവാകരന്‍ ചെയര്‍മാനായ തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ജോലി നല്‍കിയത്.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ ശുപാര്‍ശ കത്തോടെയാണ് യുവതി ജോലി തേടി കോണ്‍ഗ്രസ് നേതാവിനെ സമീപിച്ചത്. തുടര്‍ന്ന് സ്ഥാപനത്തില്‍ ജോലി നല്‍കുകയായിരുന്നു. ഇതിനിടയിലാണ് സംഭവം വിവാദമായത്. പാര്‍ട്ടി ഇടപെട്ടതിനെ തുടര്‍ന്ന് യുവതി ജോലി രാജി വച്ചെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.ജോലി നല്‍കിയതിനെ കുറിച്ചും ശിപാര്‍ശ കത്ത് നല്‍കിയതിനെ കുറിച്ചും ഡിസിസിയുടെ നേതൃത്വത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.ശുഹൈബിന്‍റെ കൊലയാളിയുടെ സഹോദരിക്ക് ജോലി നല്‍കിയ സംഭവം ഡിസിസി അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആവശ്യപ്പെട്ടു. ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ സ്ഥാപനത്തില്‍ ജോലി കൊടുത്ത സംഭവത്തെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പറഞ്ഞു.ജോലിക്കുള്ള ശിപാര്‍ശയ്ക്കുള്ള കത്ത് നല്‍കിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെതിരെയും നടപടിയെടുക്കണം.പാര്‍ട്ടിയെ കബളിപ്പിച്ചുകൊണ്ട് വഴിവിട്ട കാര്യങ്ങള്‍ ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിജിൽ മാക്കുറ്റി വ്യക്തമാക്കി.