തിരുവനന്തപുരം:കുടിയൊഴിപ്പിക്കലിനെത്തിയവരുടെ മുൻപാകെ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തീപൊള്ളലേറ്റ് മരിച്ച രാജന് നെയ്യാറ്റിന്‍കരയിലെ ഭൂമി കയ്യേറിയതെന്ന് തഹസില്‍ദാര്‍. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്നും തഹസിൽദാരുടെ റിപ്പോർട്ടിലുണ്ട്. റിപ്പോര്‍ട്ട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് സമര്‍പ്പിച്ചു.നെയ്യാറ്റിന്‍കരയിലെ ദമ്പതിമാരായ രാജനും ഭാര്യ അമ്പിളിയും ഡിസംബര്‍ മാസം 22 നായിരുന്നു ആത്മാഹുതി ചെയ്തത്. വീട് ഒഴിപ്പിക്കാനെത്തിയ പൊലീസുകാര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിന് പിന്നാലെ ഈ ഭൂമി സംബന്ധിച്ച് വലിയ തര്‍ക്കങ്ങളാണ് ഉയര്‍ന്നിരുന്നത്. തങ്ങള്‍ താമസിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്നായിരുന്നു ദമ്പതികള്‍ നേരത്തെ പറഞ്ഞിരുന്നത്. ഈ ദമ്പതികളുടെ മക്കളും ആ വാദത്തില്‍ ഉറച്ചുനിന്നിരുന്നു.എന്നാല്‍ ഭൂമിക്ക് അവകാശവാദമുന്നയിച്ച വസന്തയെന്ന അയല്‍വാസി ആ ഭുമി തന്റേതാണെന്ന നിലപാടില്‍ ഉറച്ചു നിന്നു. അതോടെയാണ് ഇതില്‍ വിശദമായ അന്വേഷണം നടത്തിയത്.തര്‍ക്ക വസ്തുവായ നാല് സെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുളളതാണെന്ന് അതിയന്നൂര്‍ വില്ലേജ് ഓഫിസ് സ്ഥിരീകരിച്ചു. തൊട്ടടുത്ത് വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ട് സെന്റ് കൊച്ചുമകന് എ എസ് ശരത്കുമാറിന്റെ പേരിലാണെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു. ചെറുമകന് ശരത്കുമാറിന് എട്ട് വയസുളളപ്പോള്‍ 2007ലാണ് വസന്ത വസ്തു വാങ്ങുന്നത്. ഇതേ ഭൂമി മറ്റ് മൂന്ന് പേരുടെ പേരിലാണെന്ന് കാണിച്ച് നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍ നിന്നു വിവരാവകാശ രേഖ രാജന് നല്‍കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഈ തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്പോക്ക് ഭൂമി സ്വന്തമാക്കാന്‍ രാജന് പോരാട്ടം നടത്തിയത്.ഒഴിഞ്ഞു കിടന്ന ഭൂമിയില്‍ രാജന് ഷെഡ് നിര്‍മിച്ച് കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വര്‍ഷം മുൻപായിരുന്നു. മാസങ്ങള്‍ക്ക് ശേഷം അയല്‍വാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ട് കോടതിയെ സമീപിച്ചു. ഇതറിഞ്ഞ രാജന് സെപ്തംബര്‍ 29ന് നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍, വസ്തുവിന്റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയായിരുന്നു. ഇതിനുളള മറുപടിയിലാണ് തെറ്റായ വിവരങ്ങള്‍ ഉണ്ടായിരുന്നത്. തങ്ങള്‍ താമസിക്കുന്നത് അവകാശികളില്ലാത്ത പുറമ്പോക്ക് ഭൂമിയിലെന്നാണ് അച്ഛന് കരുതിയിരുന്നതെന്ന് രാജന്റെ മക്കള്‍ പറയുന്നു. തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്കു തളളി വിട്ടത്.