കൊച്ചി : മുട്ടിൽ മരം മുറി കേസിലെ പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാദ്ധ്യമ പ്രവർത്തകൻ ദീപക് ധർമ്മടത്തിനെതിരെ നടപടി സ്വീകരിച്ച് 24 ന്യൂസ്.ദീപക്കിനെ മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. 24 ന്യൂസ് ചാനലിന്‍റെ മലബാര്‍ റീജനല്‍ ചീഫ് ആയി പ്രവർത്തിച്ചുവരികയായിരുന്നു ദീപക് ധർമടം.കേസിൽ ദീപക്കിന്‍റെ പങ്ക് വെളിപ്പെടുത്തിയുള്ള വനംവകുപ്പ് എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്‍ അന്വേഷണ റിപ്പോര്‍ട്ടും പ്രതികളുമായുള്ള ദീപക്കിന്‍റെ അടുത്ത ബന്ധം തെളിയിക്കുന്ന ഫോണ്‍ സംഭാഷണ രേഖകളും ബുധനാഴ്ച്ച പുറത്തുവന്നിരുന്നു.കോഴിക്കോട് സാമൂഹിക വനവത്കരണ വിഭാഗം വനപാലകന്‍ ആയിരുന്ന എന്‍.ടി. സാജനും പ്രതികളും തമ്മില്‍ 86 തവണ സംസാരിച്ചതായും ഇതില്‍ തന്നെ മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മടം 107 തവണ പ്രതികളെ വിളിച്ചതായും വനം വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവാദ ഉത്തരവിന്റെ മറവിൽ മുട്ടിലിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയതായി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം. കെ സമീറിനെ കള്ളക്കേസിൽ കുടുക്കാനാണ് ദീപക് ഇടപെട്ടത്. പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുമായും, സാജനുമായും ചേർന്ന് ഇതിനായി ദീപക് ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മരം മുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ സമീറിനെ കള്ളക്കേസില്‍ കുടുക്കാന്‍ സാജനും ആന്‍റോ അഗസ്റ്റിനും മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മടവും ഒരു സംഘമായി പ്രവര്‍ത്തിച്ചുവെന്നും ഗൂഢാലോചന നടന്നുവെന്നും വനംവകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. വയനാട് മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിലെ മരംമുറിച്ചതിന്‍റെ പേരില്‍ കേസെടുത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ സമീറിനെ കുടുക്കുകയായിരുന്നു. സമീര്‍ ചുമതലയേല്‍ക്കും മുൻപുള്ള മരംമുറിയിലാണ് എന്‍.ടി സാജന്‍ സമീറിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഫെബ്രുവരി 15ന് സാജനും ആന്‍റോ അഗസ്റ്റിനും തമ്മില്‍ 12 തവണ ഫോണില്‍ സംസാരിച്ചു. മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ നല്‍കിയ വിവരമനസുരിച്ച് സമീറിനെതിരെ കള്ളകേസ് എടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.