കണ്ണൂർ:ജോലിസ്ഥിരതയും വേതന വർധനവും ആവശ്യപ്പെട്ട് പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കണ്ണൂർ കെൽട്രോണിലെ കരാർ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. കെൽട്രോണിലെ കണ്ണൂർ യൂണിറ്റിൽ മാത്രം 200 കരാർ തൊഴിലാളികളാണുള്ളത്.22 വർഷമായി ഇവിടെ ജോലി ചെയ്യുന്നവർക്കുപോലും കിട്ടുന്ന ദിവസ വേതനം 320 രൂപ മുതൽ 500 രൂപവരെ മാത്രമാണ്.22 വർഷം പൂർത്തിയാക്കിയവരെ പോലും സ്ഥിരപ്പെടുത്താൻ കെൽട്രോൺ അധികൃതർ തയ്യാറാകുന്നില്ല എന്നാണ് തൊഴിലാളികളുടെ ആക്ഷേപം.1997 ലാണ് കെൽട്രോണിൽ അവസാനമായി സ്ഥിര നിയമനം നടന്നത്.അതിനു ശേഷം കരാർ തൊഴിലാളികളെ ആശ്രയിച്ചാണ് കെൽട്രോണിന്റെ പ്രവർത്തനം.രാജ്യത്ത് തൊഴിലാളികൾക്ക് മിനിമം വേതനം 600 രൂപ നൽകണം എന്നുള്ള ആവശ്യം ശക്തമാകുമ്പോഴാണ് പൊതുമേഖലാ സ്ഥാപനത്തിലെ ഈ ദുർഗതി.ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു.