ഇരിട്ടി:ഇരിട്ടി പാലത്തിൽ വീണ്ടും കണ്ടൈനർ ലോറി കുടുങ്ങി.ഗതാഗത നിയന്ത്രണം വകവെയ്ക്കാതെ പാലത്തിൽ കയറിയ ലോറി പാലത്തിന്റെ മേൽക്കൂരയിൽ ഇടിച്ചു ഒരു മണിക്കൂറോളം പാലത്തിൽ കുടുങ്ങുകയായിരുന്നു.ഇതോടെ ഇരിട്ടി പാലം വഴിയുള്ള ഗതാഗതം സ്തംഭിച്ചു.പാലത്തിന്റെ ഇരു ഭാഗങ്ങളിലുമായി നൂറോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ഒരുമാസം മുൻപും ഇവിടെ ഇതേതരത്തിൽ കണ്ടൈനർ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചിരുന്നു.കാലപ്പഴക്കം കാരണം പാലത്തിലൂടെ 12 ടണ്ണിലധികം ഭാരമുള്ള വാഹനങ്ങൾ കടന്നു പോകുന്നത് നിരോധിച്ചിരുന്നു.ഇത് പരിശോധിക്കാനായി പാലത്തിന്റെ രണ്ടു ഭാഗങ്ങളിലും ഹോം ഗാർഡിനെയും നിയോഗിച്ചിട്ടുണ്ട്.എന്നാൽ പലപ്പോഴും ഹോം ഗാർഡിനെ അനുസരിക്കാൻ ഡ്രൈവർമാർ തയ്യാറാകുന്നില്ല.മാത്രമല്ല അന്തർസംസ്ഥാന പാതയായതിനാൽ ഇതരസംസ്ഥാനത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം മനസ്സിലാക്കാനുള്ള സിഗ്നൽ ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല.പുതിയ പാലത്തിന്റെ നിർമാണം തുടങ്ങിയതോടെ പഴയപാലത്തിലൂടെ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.ഇരിട്ടി അഗ്നിസാക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ ജോൺസൺ പീറ്ററുടെ നേതൃത്വത്തിലുള്ള സംഘമെത്തി ലോറി പതുക്കെ പിറകോട്ടെടുത്താണ് പാലത്തിൽ നിന്നും നീക്കിയത്.