Kerala, News

സംസ്ഥാനത്തെ ആദ്യ സോളാര്‍ ചാര്‍ജിങ്‌ സ്‌റ്റേഷന്റെ നിര്‍മാണം കൊല്ലം ചിന്നക്കടയില്‍ പൂര്‍ത്തിയായി

keralanews construction of the first solar charging station in the state has been completed at kollam chinnakkada

കൊല്ലം: സംസ്ഥാനത്തെ ആദ്യ സോളാര്‍ ചാര്‍ജിങ്‌ സ്‌റ്റേഷന്റെ നിര്‍മാണം കൊല്ലം ചിന്നക്കടയില്‍ പൂര്‍ത്തിയായി.കൊല്ലം കോര്‍പറേഷന്റെ നേതൃത്വത്തില്‍ തങ്കപ്പന്‍ സ്മാരക കോര്‍പറേഷന്‍ കെട്ടിടത്തിനോട് ചേര്‍ന്ന പാര്‍ക്കിങ് സ്ഥലത്താണ് സ്ഥാപിച്ചിട്ടുള്ളത്. മേല്‍ക്കൂരയില്‍ ആറു കിലോ വാട്ടിന്റെ 18 പാനലുകള്‍ സ്ഥാപിച്ചാണ് സൗരോര്‍ജ ഉല്‍പ്പാദനം. പ്രതിദിനം 25 യൂണിറ്റ് ഉല്‍പ്പാദിപ്പിക്കുന്ന ഇവിടെനിന്ന് കെഎസ്‌ഇബിയുടെ ഗ്രിഡിലേക്ക് വൈദ്യുതി കൈമാറുന്നുമുണ്ട്.പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് അനുവദിച്ച 6.74 ലക്ഷം വിനിയോഗിച്ചാണ് പ്ലാന്റ് സജ്ജമാക്കിയത്. ടികെഎം എന്‍ജിനിയറിങ് കോളേജിലെ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ സ്റ്റേഷനില്‍ കെഎസ്‌ഇബി വൈദ്യുതി ഉപയോഗിച്ച്‌ ചാര്‍ജ് ചെയ്യാനുള്ള പോയിന്റുകളും ലഭ്യമാണ്. 3.3 കിലോവാട്ട് വരെ പവര്‍ കപ്പാസിറ്റിയുള്ള മൂന്നു വാഹനങ്ങള്‍ക്ക് ഒരേസമയം ചാര്‍ജ് ചെയ്യാം. സ്ലോ ചാര്‍ജ് സംവിധാനമാണ്. മൊബൈല്‍ ആപ് വഴിയാണ് പ്രവര്‍ത്തനം. പണവും ഓണ്‍ലൈനായി അടയ്ക്കാം. ആപ്പില്‍ കയറിയാല്‍ ലൊക്കേഷനും ലഭ്യമാകും. സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതിയായതിനാല്‍ നിരക്കും കുറയും. ഒരു ഓട്ടോ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ ഏഴു യൂണിറ്റ് വൈദ്യുതി മതി. ഇതില്‍ 80 – 130 കിലോമീറ്റര്‍വരെ ഓടും. പദ്ധതിയുടെ പ്രിന്‍സിപ്പിള്‍ ഇന്‍വെസ്റ്റിഗേറ്ററായ കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളേജിലെ ഡോ. ആര്‍ ഷീബ, അസിസ്റ്റന്റ് പ്രൊഫ. ഷെയ്ഖ് മുഹമ്മദ്, വിദ്യാര്‍ഥികളായ വരുണ്‍ എസ് പ്രകാശ്, പി അഭിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

Previous ArticleNext Article