കണ്ണൂര്‍: ഹിമാചല്‍ പ്രദേശില്‍ പതിനായിരം അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ അടല്‍ ടണല്‍ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മലയാളികൾക്കും ഇത് അഭിമാന നിമിഷം.കണ്ണൂർ മുണ്ടേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റായ കേളമ്പേത്ത് കണ്ണന്റെയും കുന്നിപ്പറമ്പിൽ യശോദയുടെയും മകനായ കെ.പി. പുരുഷോത്തമന് ചീഫ് എന്‍ജിനീയറായ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ എന്‍ജിനീയറിംഗ് വിസ്മയത്തിന് ചുക്കാന്‍ പിടിക്കുന്നത്.ഒക്ടോബര്‍ ആദ്യ വാരം ഗതാഗതത്തിന് തുറന്നു കൊടുക്കുന്ന ടണല്‍ പുരുഷോത്തമന്റെ ജീവിതത്തിലെ വെല്ലുവിളികള്‍ നിറഞ്ഞ സംരംഭമായിരുന്നു. പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള 750 സാങ്കേതിക വിദഗ്ധരും മൂവായിരത്തോളം തൊഴിലാളികളും ചേര്‍ന്ന് പത്ത് വര്‍ഷം കൊണ്ടാണ് ഇതു പൂര്‍ത്തിയാക്കിയത്. മണാലിയിലെ ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ രാജ്യത്തിന്റെ പ്രതിരോധ, വിനോദ സഞ്ചാരമേഖലയില്‍ നിര്‍ണായക സ്ഥാനം നേടാന്‍ പോകുകയാണ്.1987 ലാണ് പുരുഷോത്തമന് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനില്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിക്കുന്നത്. പ്രതികൂല കാലാവസ്ഥയോടും മറ്റും പൊരുതിയാണ് ഈ രംഗത്ത് നിരവധി പദ്ധതികള്‍ പുരുഷോത്തമന് പൂര്‍ത്തിയാക്കിയത്. മൂന്നു വര്‍ഷം ഈ പ്രോജക്ടിനൊപ്പം തന്നെയായിരുന്നു പുരുഷോത്തമന്. അരുണാചലിലെ ചേലാ ടണല്‍, സിക്കിമിലെ ടണല്‍ എന്നിവ അവയില്‍ ചിലത് മാത്രമാണ്.അടല്‍ ടണല്‍ പൂർത്തിയാകുമ്പോൾ മണാലിയില്‍ നിന്ന് ലേയിലേക്കുള്ള യാത്രയില്‍ 46 കിലോ മീറ്ററും നാല് മണിക്കൂറും ലാഭിക്കാന്‍ കഴിയും. മഞ്ഞുകാലത്ത് ആറു മാസത്തോളം അടഞ്ഞ് കിടക്കുന്ന റോഹ് താംഗ് ചുരം ഒഴിവാക്കി യാത്ര ചെയ്യാനും കഴിയും. മാനം മുട്ടെ ഉയര്‍ന്നു നില്ക്കുന്ന പര്‍വ്വതത്തെ തുരന്ന് ടണല്‍ നിര്‍മ്മിക്കുകയെന്നത് പുരുഷോത്തമനും സഹപ്രവര്‍ത്തകരും വെല്ലുവിളിയായി ഏറ്റെടുത്തപ്പോള്‍ ചരിത്ര വിസ്മയം അഭിമാനമായി മാറുകയായിരുന്നു.രാജ്യത്തെ ഏറ്റവും നീളമുള്ള പര്‍വത തുരങ്കപാത ന്യൂ ഓസ്ട്രിയന്‍ ടണലിംഗ് നിര്‍മ്മാണ രീതിയിലാണ് പൂര്‍ത്തിയാക്കിയത്.രക്ഷാമാര്‍ഗമായ എസ്കേപ് ടണല്‍ തുരങ്കത്തിന്റെ അടിയിലൂടെയാണ്. അവിടേക്ക് അഞ്ഞൂറു മീറ്റര്‍ ഇടവിട്ട് എമര്‍ജന്‍സി കവാടകങ്ങളുണ്ട്. അപകടമുണ്ടായാല്‍ വാതിലുകളും വെന്റലേഷനുകളും ഓട്ടോമാറ്റിക്കായി തുറക്കും.കണ്ണൂര്‍ പോളിടെക്നിലെ പഠനത്തിനു ശേഷം ഡല്‍ഹിയില്‍ നിന്നും കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റില്‍ ഡിപ്ളോമ നേടി. മികച്ച പ്രവര്‍ത്തനത്തിന് വിശിഷ്ട സേവാ മെഡലും മറ്റും നേടിയിരുന്നു.1987ലാണ് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനില്‍ ചേര്‍ന്നത്. അസി എക്സിക്യൂട്ടീവ് എന്‍ജിനിയറായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലായിരുന്നു ആദ്യ നിയമനം. നാഗാലാന്‍ഡ്, രാജസ്ഥാന്, മിസോറാം, ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു.ഏതാനും വര്‍ഷം മുൻപ് കേരളത്തിലെ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള കമ്മിറ്റിയുടെ മേല്‍നോട്ടവും പുരുഷോത്തമനായിരുന്നു. തലശേരി ഇല്ലത്ത്താഴെ സ്വദേശി സിന്ധുവാണ് ഭാര്യ. ഡോ. വരുണ്‍, അമേരിക്കയില്‍ എന്‍ജിനീയറായ യുവിഗ എന്നിവര്‍ മക്കളാണ്.
Kerala, News
അടല്‍ ടണല്‍ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്;മലയാളികൾക്ക് അഭിമാനമായി പദ്ധതിയുടെ അമരത്ത് കണ്ണൂർ സ്വദേശി
Previous Articleമുംബൈയില്‍ ഫ്ലാറ്റ് തകര്‍ന്ന് 10 പേർ മരിച്ചു