കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കള്ള മൊഴി നല്കാന് പ്രേരിപ്പിച്ചുവെന്ന സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റമടക്കം ചുമത്തി ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാമെന്ന് നേരത്തെ സര്‍ക്കാരിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്കാന് പ്രേരിപ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയുള്ള എഫ്ഐആര്‍ ആണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.പ്രാഥമിക അന്വേഷണത്തില്‍ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി എഫ്ഐആറില്‍ പറയുന്നു. സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടുകയും ആ നിയമോപദേശം കൂടി പരിശോധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും എഫ്ഐആറില്‍ പറയുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.നേരത്തെ ക്രൈംബ്രാഞ്ച് ഇതുസംബന്ധിച്ച് ഒരു പ്രാധമിക അന്വേഷണം നടത്തിയിരുന്നു. സ്വപ്ന സുരേഷ് അടക്കം 18 പേരുടെ മൊഴി ഈ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഇഡിക്കെതിരെ രണ്ട് വനിതാ പൊലീസുകാര്‍ നല്കിയ മൊഴിയും കേസെടുക്കുന്നതിലേക്ക് നയിച്ചു.