കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് എന്തുകൊണ്ടാണ് അന്വേഷണ സംഘത്തിന് ഫോൺ കൈമാറാത്തതെന്തെന്ന് ഹൈക്കോടതി.കേസില്‍ ഗൂഢാലോചന നടത്തിയ സമയത്തെ ഫോണ്‍ ദിലീപ് അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.കേസ് അന്വേഷണത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.ഫോൺ ഹാജരാക്കാതിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും നടനെതിരായ ആരോപണം ഗൗരവതരമാണെന്നും കോടതി പറഞ്ഞു. നിജസ്ഥിതി കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന്റെ ചുമതലയാണ്. അതിനാലാണ് അവർ ഫോൺ ചോദിക്കുന്നതെന്നും അന്വേഷിക്കരുതെന്ന് പറയാൻ പ്രതിഭാഗത്തിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.അതേസമയം ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്തെ ഫോണുകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഇപ്പോൾ പുതിയ ഫോണാണ് ഉപയോഗിക്കുന്നതെന്നും ദിലീപ് കോടതിയിൽ വിശദീകരിച്ചു.ഫോണ്‍ കൈമാറണമെന്നത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്ന് ദിലീപിനു വേണ്ടി അഭിഭാഷകന്‍ വാദിച്ചു.തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫോണില്‍ ഉണ്ട്.കേസില്‍ തന്റെ നിരപരധിത്വം തെളിയിക്കാന്‍ പറ്റുന്ന വിധത്തിലുള്ള വിവരങ്ങള്‍ ഫോണില്‍ ഉണ്ട്.ഫോണ്‍ കൈമാറിയാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും ദിലീപിനു വേണ്ടി അഭിഭാഷകന്‍ വാദിച്ചു. മൂന്ന് ദിവസം താൻ ചോദ്യം ചെയ്യലിന് ഹാജരായെന്നും ദിലീപ് കോടതിയെ അറിയിച്ചു.ഇരു വിഭാഗത്തിന്റെയും വാദത്തിനൊടുവില്‍കേസിന്റെ വാദം തുടരുന്നത് നാള രാവിലെ 11 മണിയിലേക്ക് കോടതി മാറ്റുകയായിരുന്നു.