Kerala, News

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ്;ദിലീപിനെ നാളെയും മറ്റന്നാളും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി

keralanews conspiracy to endanger investigating officers crime branch allowed to question dileep tomorrow and the day after tomorrow

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ നാളെയും മറ്റന്നാളും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കോടതി അനുമതി.ദിലീപിനൊപ്പം മറ്റ് അഞ്ച് പ്രതികളേയും ചോദ്യം ചെയ്യലിന് ഹാജരാക്കണം. ആറ് പ്രതികളേയും എത്ര സമയം വേണമെങ്കിലും ചോദ്യം ചെയ്യാം. അന്വേഷണ പുരോഗതി പ്രോസിക്യൂഷൻ ചൊവ്വാഴ്‌ച്ച അറിയിക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി പറയുന്നു.ഏത് അന്വേഷണത്തിനും തയ്യാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാൻ തയ്യാറാണെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അഞ്ച് ദിവസമെങ്കിലും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തായ ശരത് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.ബാലചന്ദ്രകുമാർ കെട്ടിയിറക്കിയ സാക്ഷിയാണ്. പൊതുബോധം അനുകൂലമാക്കാൻ ഗൂഢാലോചന നടത്തിയാണ് ബാലചന്ദ്രകുമാർ മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയത്.ബാലചന്ദ്രകുമാറിന്റെ മൊഴിയും ഗൂഢാലോചനാ കേസിലെ എഫ്ഐആറും തമ്മിൽ വൈരുദ്ധ്യമുണ്ട്. മൊഴിയിൽ പറഞ്ഞ പലകാര്യങ്ങളും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം പ്രോസിക്യൂഷന്റെ വാദങ്ങളിൽ കോടതിയും ചോദ്യങ്ങൾ ഉന്നയിച്ചു. ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ പോരെന്നും ഇതിന് തെളിവുകൾ വേണമെന്നും കോടതി പറഞ്ഞു. ഗൂഢാലോചനാ കുറ്റവും പ്രേരണ കുറ്റവും ഒന്നല്ലെന്നും കോടതി വ്യക്തമാക്കി.

Previous ArticleNext Article