കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപടക്കം ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ജസ്റ്റിസ് പി ഗോപിനാഥിന്റേതാണ് വിധി.ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തായ ശരത് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ കോടതി ഇരുപക്ഷത്തിന്‍റെയും വാദം കേട്ടിരുന്നു. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നു ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കൂടാതെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കാനും പ്രോസിക്യൂഷനു നിര്‍ദേശം നല്‍കിയിരുന്നു.