Kerala, News

ഗൂഢാലോചനക്കേസ്; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും

keralanews conspiracy case argument on dileeps bail plea continues today

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദം ഇന്ന്. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ച്‌ നില്‍ക്കുകയാണ്. ഉച്ചയ്‌ക്ക് 1.45നാണ് പ്രോസിക്യൂഷൻ വാദം തുടരുക. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് ദിലീപ് ഇന്നലെ ഹൈക്കോടതിയിൽ വാദിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ കത്ത് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2017 ലെ നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാൻ സാധിക്കില്ലെന്ന് മനസിലായതോടെ അന്വേഷണം സംഘം കെട്ടിച്ചമച്ചതാണ് ഈ ഗൂഢാലോചന കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിലില്ലാത്ത പല കാര്യങ്ങളും എഫ്ഐആറിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പോലീസുകാരുടെ പേരും എഫ്ഐആറിൽ കൂട്ടിച്ചേർത്തു. ബാലചന്ദ്രകുമാറിന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് കേസ് എടുക്കാന്‍ കഴിയില്ലേയെന്ന് കോടതി ചോദിച്ചു. 2017 ലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടതല്ല, ഇത് മറ്റൊരു കേസായി പരിഗണിക്കാവുന്നതാണെന്നുമായിരുന്നു കോടതിയുടെ മറുപടി. കേസില്‍ ഗൂഢാലോചന നടത്തിയത് ബാലചന്ദ്രകുമാറാണെന്നും ആ മൊഴി വിശ്വസിക്കരുതെന്നും പ്രതിഭാഗം പറഞ്ഞു.നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ കൊല്ലാൻ ദിലീപ് അനൂപിന് നിർദ്ദേശം നൽകുന്നതിന്റെ റെക്കോർഡ് തന്റെ കൈവശമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ഇന്നലെ വെളിപ്പെടുത്തി. ആ ശബ്ദസന്ദേശം താൻ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ആ ശബ്ദസംഭാഷണം താൻ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.

Previous ArticleNext Article