Kerala, News

വധഗൂഢാലോചന കേസ്; ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്

keralanews conspiracy case anticipatory bail application of dileep will consider highcourt today

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. രാവിലെ 10.15ന് ഹൈക്കോടതി ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.ജാമ്യാപേക്ഷ തള്ളിയാൽ ദിലീപ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം.മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മൊഴികളിൽ യാതൊരു സംശയവും വേണ്ടെന്നും തന്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.എന്നാല്‍ വ്യവസ്ഥകളോടെയുളള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികള്‍.തന്നെ മൂന്ന് ദിവസം സമ്മർദ്ദം ചെലുത്തിയാണ് ചോദ്യം ചെയ്തതെന്ന് ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. 33 മണിക്കൂർ ചോദ്യം ചെയ്തിട്ടും കിട്ടാത്ത എന്തു വിവരമാണ് ഇനി കിട്ടുക എന്നും അഭിഭാഷകൻ വാദിച്ചു. നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് മനസ്സിലായതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സി.ഐ ബൈജു പൗലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചാല്‍ പ്രോസിക്യൂഷന് തിരിച്ചടിയാകും. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

Previous ArticleNext Article