ബെംഗളൂരു:കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാലുദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് അറസ്റ്റ് ചെയ്തത് . ചോദ്യം ചെയ്യലില്‍ ശിവകുമാര്‍ നല്‍കിയ ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്ന് ഇ.ഡി അറിയിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു ഇഡി സമന്‍സ് അയച്ചത്.429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് വകുപ്പുകളിലായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസ്.2017 ജൂലായില്‍ ശിവകുമാറും മകളും പണം നിക്ഷേപവുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലേക്കു പോയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന് 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുണ്ടെന്ന് വകുപ്പ് കണ്ടെത്തിയത്. 2017 ഓഗസ്റ്റ് രണ്ടിന് അന്ന് കര്‍ണാടകത്തില്‍ മന്ത്രിയായിരുന്ന ശിവകുമാറുമായി ബന്ധമുള്ള ഡല്‍ഹിയിലെയും ബെംഗളൂരുവിലെയും 60 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി 8.59 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.