Kerala, News

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം; കുമാരസ്വാമി മുഖ്യമന്ത്രിയായേക്കും

keralanews congress jds alliance in karnataka kumaraswami will be the chief minister

ബെംഗളൂരു:കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് തടയുന്നതിന് വേണ്ടി കോണ്‍ഗ്രസ് ജനതാദള്‍ എസുമായി സഖ്യത്തിന്.ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ 39 സീറ്റുള്ള ജനതാദള്‍ എസിനെ കൂട്ടുപിടിച്ച്‌ ഭരണം നേടിയെടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജെ.ഡി.എസ് നേതാവ് എച്ച്‌.‌ഡി.കുമാരസ്വാമിക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജെ.ഡി.എസ് അദ്ധ്യക്ഷന്‍ എച്ച്‌.‌ഡി.ദേവഗൗ‌ഡയെ അറിയിച്ചു. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് ആയിരിക്കും.ഇന്ന് വൈകിട്ട് തന്നെ കോണ്‍ഗ്രസ് ജെ.ഡി.എസുമൊത്ത് ഗവര്‍ണര്‍ വജുഭായ് വാലയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കും. അതേസമയം, ഗുജറാത്തിലെ മുന്‍ സ്‌പീക്കറും മുന്‍ മന്ത്രിയുമായ വജുഭായ് വാല ഏത് കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്നതാണ് നിര്‍ണായകം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സാധാരണ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് പതിവ്. ഇവിടെ ഗവർണ്ണർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുന്നതിനെ ചെറുക്കാന്‍ ബി.ജെ.പിയും രംഗത്തുണ്ട്. ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.

Previous ArticleNext Article