കൊച്ചി: അമ്മയില്‍ നിന്നും ആക്രമിക്കപ്പെട്ട നടിയുള്‍പ്പടെ നാലു നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. താന്‍ മൗനം പാലിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശരിയായ സമയത്ത് തന്റെ അഭിപ്രായം വ്യക്തമാക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. രാജിവെച്ച നടിമാരുടേത് ധീരമായ നടപടിയാണ്. താനവരെ അഭിനന്ദിക്കുന്നെന്നും പൃഥ്വിരാജ് ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി തന്റെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ വേദന താന്‍ നേരിട്ട് കണ്ടതാണ്. വലിയൊരു ആഘാതമായിരുന്നു അത്. തനിക്ക് നേരെയുണ്ടായ ദുരനുഭവത്തെ അവള്‍ നേരിട്ടത് ധീരമായിട്ടായിരുന്നു. അവളുടെ പോരാട്ടം അവള്‍ക്ക് വേണ്ടി മാത്രമല്ല, മറ്റൊരാള്‍ക്ക് ഇനി ഇങ്ങനെയൊരനുഭവം ഉണ്ടാകാതിരിക്കാന്‍ കൂടിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.അമ്മയില്‍നിന്നു രാജിവച്ച രമ്യ, ഗീതു, റിമ, ഭാവന എന്നിവരെ പൂര്‍ണമായി മനസിലാക്കാന്‍ എനിക്ക് കഴിയും. പറയാനുള്ളത് തുറന്നുപറഞ്ഞ അവരുടെ നിലപാടിനെ അഭിനന്ദിക്കുന്നു. ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടയിടത്ത് പറയുമെന്നും പൃഥ്വി വ്യക്തമാക്കി.തന്റെ പ്രതികരണം ആരായുന്നവര്‍ക്ക് മുന്നില്‍ മൗനം പാലിക്കുന്ന ആളല്ല താന്‍. അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത് മനഃപൂര്‍വ്വമല്ലെന്നും തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നെന്നും നടന്‍ വ്യക്തമാക്കുന്നു. നേരത്തെ അമ്മ യോഗത്തിനിടയിലെ പൃഥ്വിരാജിന്റെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു.