Kerala, News

സംസ്ഥാനത്ത് കോംഗോ പനി റിപ്പോർട്ട് ചെയ്തു;ചികിത്സയിലുള്ളത് മലപ്പുറം സ്വദേശി

keralanews congo fever reported in the state malappuram native under treatment

മലപ്പുറം:സംസ്ഥാനത്ത് ആദ്യമായി കോംഗോപനി റിപ്പോർട്ട് ചെയ്തു.വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുളളത്.കഴിഞ്ഞ ഇരുപത്തിയേഴാം തീയതിയാണ് ഇയാൾ യുഎഇയിൽ നിന്നും നാട്ടിലെത്തിയത്. വിദേശത്തായിരിക്കെ രോഗത്തിന് ചികിത്സയിലായിരുന്ന ഇയാള്‍ നാട്ടിലെത്തിയപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇയാളുടെ രക്തസാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി. നെയ്‌റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്. രോഗം ബാധിച്ച ആളുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം. പനി, മസിലുകള്‍ക്ക് കടുത്ത വേദന, നടുവേദന , തലവേദന, തൊണ്ടവേദന, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. പനി ബാധിച്ചാല്‍ 40ശതമാനം വരെയാണ് മരണ നിരക്ക്.

Previous ArticleNext Article