Kerala, News

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ട്രയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൽ ആശയക്കുഴപ്പം; അറിയിപ്പ് ലഭിച്ചത് അവസാന നിമിഷം

keralanews confusion in allowing stop in kannur for train from mumbai to kerala

കണ്ണൂർ:മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ട്രയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൽ ആശയക്കുഴപ്പം.ട്രയിനെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് ജില്ലാ ഭരണകൂടം വിവരമറിഞ്ഞത് . ട്രയിന്‍ ഇറങ്ങുന്നവരെ പരിശോധിക്കുന്നതിന് ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കേണ്ടി വന്നു.ഇന്നലെ രാത്രി പത്ത് മണിക്കാണ് മുംബൈ ലോക് മാന്യ തിലക് റെയിൽവെ സ്റ്റേഷനിൽ നിന്ന് 1400 ഓളം യാത്രക്കാരുമായി ട്രെയിൻ പുറപ്പെട്ടത്. കോൺഗ്രസ് മഹാരാഷ്ട്ര ഘടകമാണ് മലയാളികൾക്ക് മാത്രമായി ഈ ട്രെയിൻ ഏർപ്പാട് ചെയ്തത്. ഷൊർണൂർ, എറണാകുളം,തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമായിരുന്നു ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ രാവിലെ 9.30 ഓടെയാണ് ട്രെയിൻ കണ്ണൂരിൽ നിർത്തുമെന്ന വിവരം സ്റ്റേഷൻ അധികൃതർക്ക് ലഭിച്ചത്. കണ്ണൂരിലിറങ്ങുന്ന യാത്രക്കാരുടെ വിവരം ലഭിക്കാൻ പിന്നെയും വൈകി.പതിനൊന്ന് മണിയോടെയാണ് ഇവരുടെ അന്തിമ പട്ടിക ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്.പിന്നാലെ എസ്.പി, ഡപ്യൂ. കലക്ടർ, എ.ഡി.എം, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ വൻ നിര റെയിൽവെ സ്റ്റേഷനിലെത്തി. തുടർന്ന് യുദ്ധകാല അടിസ്ഥാനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.കണ്ണൂർ ജില്ലയിൽ നിന്നുള്ള 103 പേരും കോഴിക്കോട് ജില്ലക്കാരായ 50 പേരും വയനാട് ജില്ലയിൽ നിന്നുള്ള 16 പേരും അടക്കം ഏതാണ്ട് 200 ഓളം പേർ കണ്ണൂരിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇവർക്കായി 15 ഓളം കെ.എസ്.ആർ.ടിസി ബസുകളും ആരോഗ്യ പരിശോധനാ സംവിധാനവുമടക്കം റെയിൽവെ സ്റ്റേഷനിൽ തയ്യാറാക്കിയിട്ടുണ്ട്.അതേസമയം, മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അയക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ ശ്രമം കേരളത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്നെയും നീട്ടി. രാജ്കോട്ടില്‍ നിന്ന് ഇന്ന് രാത്രി പുറപ്പെടേണ്ട ട്രെയിനാണ് കേരളസര്‍ക്കാരിന്‍റെ ഔദ്യോഗികമായ അഭ്യര്‍ഥന മാനിച്ച്‌ യാത്ര നീട്ടി വച്ചത്. ക്വാറന്‍റീന്‍ സൗകര്യങ്ങളടക്കം ഒരുക്കുന്നതില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് കേരളം എതിര്‍പ്പറിയിച്ചതെന്ന് ഗുജറാത്തിലെ നോഡല്‍ ഓഫീസര്‍ ഭാരതി ഐഎഎസ് വെളിപ്പെടുത്തി.

Previous ArticleNext Article