Kerala

യുവമോര്‍ച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം,ആറുപേർക്ക് പരിക്ക്

keralanews conflict in yuvamorcha workers march to chief ministers residence

തിരുവനന്തപുരം:എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവർത്തകർ  മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിലും, ഗ്രനേഡ് പ്രയോഗത്തിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബു അടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് അമല്‍ എന്ന പ്രവര്‍ത്തകനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊല്ലം ജില്ലാ സെക്രട്ടറി വിശാഖ്, ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് വിമേഷ്, ശ്രീകാര്യം ഏരിയ പ്രസിഡന്റ് സായ് പ്രശാന്ത്, പ്രവര്‍ത്തകരായ അമല്‍, ശ്രീലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗ്രനേഡ് പൊട്ടിത്തെറിച്ച്‌ വിമേഷിന് കണ്ണിന് പരുക്കേറ്റു. . പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബുവിന് പരിക്കേറ്റത്.എ ബി വി പി പ്രവര്‍ത്തകരായ സച്ചിന്റെയും വിശാലിന്റെയും ശ്യാമപ്രസാദിന്റെയും കൊലപാതകവും എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവും എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരുന്നു സംഘര്‍ഷം.

Previous ArticleNext Article