Kerala, News

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം;അഖിലിനെ കുത്തിയത് എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ്; കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

keralanews conflict in university college akhil was attacked by sfi unit president

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ചത് എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് ആണെന്ന് സാക്ഷി മൊഴി.യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് മൊഴി.എന്നാല്‍ അക്രമത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്.ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.സംഭവത്തില്‍ ഏഴ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.ശിവരഞ്ജിത്തിനും നസീമിനും പുറമെ അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് യൂണിവേഴ്സിറ്റി കോളേജില്‍ എസ്‌എഫ്‌ഐ യൂണിറ്റ് ഭാരവാഹികളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. ക്യാംപസിലിരുന്ന് പാട്ട് പാടിയ ഒരു സംഘം വിദ്യാര്‍ഥികളെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമത്തിനിടെ ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിലും മുതുകിലും കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന്‍റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.എസ്‌എഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ എഐഎസ്‌എഫ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തും.അതേസമയം, വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റിയിലെ ആറുപേരെ എസ്‌എഫ്‌ഐ സസ്പെന്‍ഡ് ചെയ്തു. എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്‍റ് നസീം, സെക്രട്ടറി ശിവര‌ഞ്ജന്‍ അടക്കം കേസില്‍ പ്രതികളായ ആറ് പേരെ സസ്പെന്‍ഡ് ചെയ്തുവെന്നാണ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് വ്യക്തമാക്കിയത്.എസ്‌എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനുവും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടണമെന്ന് നിലപാട് എടുത്തിരുന്നു.

Previous ArticleNext Article