പത്തനംതിട്ട:ചിത്തിരയാട്ട സമയത്ത് ശബരിമലയിൽ നടന്ന സംഘഷവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി. ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ സുരേന്ദ്രന് സുപ്രീംകോടതി വിധി പരസ്യമായി ലംഘിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന് വാദിച്ചു. അതേസമയം സുരേന്ദ്രനെ ചോദ്യം ചെയ്യാനായി കോടതി പോലീസിന് ഒരു മണിക്കൂര്‍ സമയം അനുവദിച്ചു. വൈകിട്ട് ഏഴുമണിക്കു മുന്‍പാകെ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്നാണ് നിബന്ധന.വീട്ടുകാരോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യത്തിന് ജയിലിലെ ടെലിഫോണ്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ സുരേന്ദ്രനു സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ കുടുംബത്തെ വിളിക്കാമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. സുരേന്ദ്രനെതിരെ റാന്നി പോലീസ് 2014ല്‍ എടുത്ത കേസില്‍ കോടതി ജാമ്യം നല്കി. പമ്ബ ടോള്‍ ഗേറ്റ് ഉപരോധിച്ച കേസാണിത്. ഇതുവരെ സുരേന്ദ്രന് ഹാജരായിരുന്നില്ല. ജാമ്യവും എടുത്തിരുന്നില്ല.