കണ്ണൂർ: ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്കിടെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിപിഎം-ബിജെപി സംഘർഷം. കല്ലേറിലും കൈയേറ്റത്തിലും ഇരുവിഭാഗത്തിലുംപെട്ട നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പലയിടങ്ങളിലും ഘോഷയാത്രകൾ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.പടുവിലായിയിലും വാളാങ്കിച്ചാലിലും ആഢൂരിലും ഘോഷയാത്രയിൽ പങ്കെടുത്തവരെ സിപിഎം പ്രവർത്തകർ ചോദ്യംചെയ്തതാണ് സംഘർഷത്തിന് വഴിവച്ചതെന്ന് പറയുന്നു. കാടാച്ചിറ ആഢൂർ പാലത്തിൽ ഘോഷയാത്രയിൽ പങ്കെടുത്തവരും സിപിഎം പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റം പിന്നീട് കൈയാങ്കളിയിലും കല്ലേറിലും കലാശിച്ചു. കല്ലേറിൽ മൂന്നുവീതം ബിജെപി-സിപിഎം പ്രവർത്തകർക്കും ഒരു പോലീസുകാരനും പരിക്കേറ്റു. എടക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുജീഷിനാണ് തലയ്ക്കു പരിക്കേറ്റത്. അക്രമത്തിൽ പ്രകോപിതരായ ഒരു സംഘം ചാലയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരേ ആക്രമണം നടത്തി. ഓഫീസിലെ ടിവി, കസേര, മേശ എന്നിവ തകർത്ത സംഘം ഓഫീസിലുണ്ടായിരുന്ന ബ്രാഞ്ച് കമ്മിറ്റിയംഗം ബാലനെ മർദിച്ചതായും ആരോപണമുണ്ട്. ഈ സംഭവത്തിനുശേഷം ചാല അമ്പലം സ്റ്റോപ്പിന് സമീപത്തെ ഒരു ഷെഡും ഒരു സംഘം അഗ്നിക്കിരയാക്കി. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.കൂത്തുപറമ്പിനടുത്ത് കായലോട് സിപിഎം ഓഫീസിനു നേരേ ആക്രമണമുണ്ടായി. കായലോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള രാധാകൃഷ്ണൻ സ്മാരക ലൈബ്രറിക്കുനേരേയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ സ്ഥാപനത്തിന്‍റെ ഗ്ലാസ് തകർന്നു. കല്ലായിയിൽ സിപിഎം സ്ഥാപിച്ച കൊടിമരവും തകർക്കപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.പടുവിലായി സേവാകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്ക് 15 ദിവസം മുന്പ് പോലീസിൽ രേഖാമൂലം അപേക്ഷ നൽകി നിയമാനുസരണം അനുവാദംവാങ്ങിയെങ്കിലും സിപിഎം നിർദേശപ്രകാരം പോലീസ് തടഞ്ഞതായി ബിജെപി ആരോപിച്ചു.
Kerala
കണ്ണൂരിൽ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ സംഘർഷം
Previous Articleട്രക്കിൽ കൊണ്ടുപോവുകയായിരുന്ന 46 എൽഇഡി ടിവി സെറ്റുകൾ മോഷണം പോയി