
ചെറുപുഴ:നവജ്യോതി കോളജിൽ ഉണ്ടായ സംഘർഷത്തിൽ മൂന്നു വിദ്യാർഥികൾക്കു പരുക്കേറ്റു. കെഎസ്യു പ്രവർത്തകനും യുയുസി അംഗവുമായ ആന്റോ ജോസഫ് (21), എസ്എഫ്ഐ പ്രവർത്തകരായ സി.വി.ശ്യാംജിത്ത് (20),കെ.ബി.വിഷ്ണു (19) എന്നിവർക്കാണ് പരുക്കേറ്റത്. ആന്റോ ജോസഫിനെ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലും, ശ്യാംജിത്ത്, വിഷ്ണു എന്നിവരെ ചെറുപുഴ സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.കോളേജ് കവാടത്തിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനു കാരണമെന്നു പറയുന്നു. തർക്കം തീർന്നതിനു ശേഷം ചെറുപുഴ ടൗണിൽ പോയി തിരിച്ചു വരികയായിരുന്ന കെഎസ്യു പ്രവർത്തകർ സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിർത്തി പുറത്തു നിന്നുമുള്ള ഒരു സംഘം ആളുകൾ മർദിക്കുകയായിരുന്നുവെന്ന് ആന്റോ ജോസഫ് പറയുന്നു.എന്നാൽ കോളജിൽ ഫ്ലെക്സ് വയ്ക്കേണ്ടെന്ന തീരുമാനം ലംഘിച്ച് കെഎസ്യു പ്രവർത്തകർ ബോർഡ് സ്ഥാപിച്ചതായും ഇതേ തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും ബോർഡ് സ്ഥാപിക്കാൻ ശ്രമിച്ചതായും ഇതിൽ പ്രകോപിതരായ കെഎസ്യു പ്രവർത്തകർ തങ്ങളെ മർദിക്കുകയായിരുന്നുവെന്നു ശ്യാംജിത്തും വിഷ്ണുവും പറയുന്നു.സംഘർഷത്തെ തുടർന്ന് ചെറുപുഴ പൊലീസ് സ്ഥലത്തെത്തി.