India, News

ഡൽഹിയിൽ സംഘർഷം തുടരുന്നു;അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് അമിത് ഷാ

keralanews conflict continues in delhi amit shah convened an emergency meeting

ന്യൂഡൽഹി:ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘർഷം തുടരുന്നു.സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തിര യോഗം വിളിച്ചുചേർത്തു.തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി എകെ ഭല്ല, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു. അക്രമ സംഭവങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികള്‍ അമിത് ഷാ നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. സംഘര്‍ഷത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്.നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. ഒരു പോലീസുദ്യോഗസ്ഥനും സംഘര്‍ഷത്തിനിടെ മരിച്ചിരുന്നു.അതേസമയം ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രംഗത്തെത്തി. ഡല്‍ഹിയിലെ ജനങ്ങള്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണം. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തണം. സംഘര്‍ഷത്തിനിടെ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. മഹാത്മാ ഗാന്ധിയുടെ നാട്ടില്‍ അക്രമത്തിന് സ്ഥാനമില്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇവിടെ വിജയിക്കാനാവില്ലെന്നും സോണിയ പറഞ്ഞു.അക്രമ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് കത്തയച്ചു.നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലുള്ള മുസ്ലിം വിഭാഗക്കാരുടെയും പട്ടികജാതിക്കാരുടെയും സുരക്ഷയില്‍ കടുത്ത ആശങ്കയുണ്ടെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. അതിനിടെ, തന്റെ മണ്ഡലത്തില്‍ ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് വ്യക്തമാക്കി ബാബര്‍പുര്‍ എംഎല്‍എയും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് രംഗത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് സ്ഥലത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. അക്രമികള്‍ അഴിഞ്ഞാടുകയാണെന്നും തീവെപ്പ് നടത്തുന്നുവെന്നും എന്നാല്‍ പോലീസ് സ്ഥലത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംഘര്‍ഷത്തെ അപലപിച്ച്‌ എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസിയും രംഗത്തെത്തിയിട്ടുണ്ട്. വിദേശ രാജ്യത്തുനിന്നുള്ള അതിഥി ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷം രാജ്യത്തിന് നാണക്കേടാണെന്ന് അദ്ദേഹം ഹൈദരാബാദില്‍ ആരോപിച്ചു.

Previous ArticleNext Article