കൊച്ചി: കൊച്ചിയിൽ ഐ.എന്‍.എല്‍ യോഗത്തില്‍ ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ കയ്യാങ്കളി.യോഗം നടന്ന ഹോട്ടലിന് മുന്നിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പാര്‍ട്ടിയില്‍ നിലനിന്ന തര്‍ക്കങ്ങളെ ചൊല്ലിയാണ് സംഘര്‍ഷം. യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത യോഗമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് പിരിച്ചുവിട്ടതും പ്രവര്‍ത്തകരുടെ തമ്മില്‍ തല്ലില്‍ കലാശിച്ചതും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവര്‍ത്തക സമിതി യോഗവുമാണ് എറണാകുളത്ത് വിളിച്ചിരുന്നത്. രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആരോപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. കാസിം ഇരിക്കൂറിനെ പൊലീസ് അകമ്പടിയിലാണ് ഹാളില്‍ നിന്ന് മാറ്റിയത്.കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തിന്‍റ മിനുട്ട്സില്‍ രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് കാസിം ഇരിക്കൂര്‍ എഴുതിവെച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമായത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പ്രസംഗത്തിനിടെ സെക്രട്ടറിയേറ്റ് അംഗമായ ഒ.പി.ഐ കോയയോട് താങ്കള്‍ ഏത് പാര്‍ട്ടിയുടെ പ്രതിനിധിയാണെന്ന് ചോദിച്ച് ആക്ഷേപിച്ചെന്നും സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ വഹാബ് പറഞ്ഞു.ഇത് നേതാക്കള്‍ ചോദ്യം ചെയ്തതോടെ പ്രശ്നങ്ങള്‍ രൂപപ്പെടുകയായിരുന്നു. ഉടന്‍ യോഗം പിരിച്ചുവിട്ടതായി അറിയിച്ചെങ്കിലും പ്രശ്നങ്ങള്‍ കൈയാങ്കളിയിലേക്ക് നീങ്ങി. യോഗം നടന്ന ഹോട്ടലിന് പുറത്തുണ്ടായിരുന്ന പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് തമ്മിലടിച്ചു. പൊലിസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. യോഗത്തില്‍ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഹോട്ടലില്‍ കുടുങ്ങി.പിന്നീട് പോലീസെത്തിയാണ് അദ്ദേഹത്തെ അവിടെനിന്നും മാറ്റിയത്.അതെ സമയം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് ഐ.എന്‍.എല്‍ യോഗം നടക്കുന്ന ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു. സെന്‍ട്രല്‍ പൊലീസ് നല്‍കിയ നോട്ടീസ് അവഗണിച്ചാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൊച്ചിയില്‍ നടക്കുന്നത്. ഇതിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.