പത്തനംതിട്ട:പ്രളയത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കുന്നതിനായി പത്തനംതിട്ടയിൽ വീണ്ടും ഹെലികോപ്റ്ററുകൾ എത്തി.റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നത്. മുന്‍കരുതല്‍ എന്ന രീതിയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഈ നമ്പറുകളിലൊന്നും ഫോണ്‍ കിട്ടുന്നില്ലെന്നാണ് കുടുങ്ങിക്കിടക്കുന്നവരുടെ പരാതി. താലൂക്കുകളില്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു. കുടിവെള്ളം കിട്ടാനില്ല.പത്തനംതിട്ടയിലേക്ക് ഉള്‍പ്പടെയുള്ള പ്രധാന റോഡുകളെല്ലാം തകര്‍ന്ന് കിടക്കുകയാണ്. സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും സ്ഥിതി ഇത്ര രൂക്ഷമാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ രാത്രി മുതലാണ് വന്‍തോതില്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത്. കൊച്ചുപമ്ബയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതും ഒപ്പം ആനത്തോടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നതും ശബരിഗിരി പദ്ധതി പ്രദേശത്ത് വലിയ മഴയുണ്ടായതുമാണ് സ്ഥിതിഗതികള്‍ ഇത്രത്തോളം സങ്കീര്‍ണമാക്കിയത്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ കൂടുതല്‍ സൈന്യത്തേയും ഹെലിക്കോപ്റ്റുകളും അയക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളെ രക്ഷിക്കുക എന്ന വെല്ലുവിളിയാണ് പത്തനംത്തിട്ട, എറണാകുളും ജില്ലകളിലെ രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്നത്.