India, Kerala, News

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക; മൂന്നാംതരംഗം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി

keralanews concern over the spread of covid in states including kerala steps should be taken to avoid the third wave said prime minister

ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ മൂന്നാംതരംഗ സാധ്യത ഒഴിവാക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാമന്ത്രി പറഞ്ഞു. രാജ്യത്തെ 80 ശതമാനം രോഗികളും ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. വൈറസിന്റെ തുടര്‍ ജനിതകമാറ്റം പോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.വാക്‌സിനേഷന്റെയും രോഗ നിര്‍ണ്ണയ പരിശോധനയുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളില്‍ പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണം. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്സിനേറ്റ് എന്ന സമീപനം മുന്‍നിര്‍ത്തി മുന്നോട്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. മഹാമാരിയെ പ്രതിരോധിക്കാനായി ഫലവത്തായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും മൈക്രോ കണ്‍ടെയ്ന്മെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.രാജ്യത്തെ കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമാണെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ അതേ സമയത്ത് തന്നെ മഹാരാഷ്ട്രയിലും കേരളത്തിലും കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ ഏകദേശം 80 ശതമാനവും മരണനിരക്കിന്റെ 84 ശതമാനവും ഈ ആറു സംസ്ഥാനങ്ങളില്‍ നിന്നാണ്.കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓര്‍മിക്കണം. ഇത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു.

Previous ArticleNext Article