Kerala, News

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗണ്‍‍; തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവിൽ വരും

keralaews complete lockdown in the state today night curfew will be in effect from monday

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യസേവനങ്ങൾ മാത്രമാണ് അനുവദിക്കുക. സംസ്ഥാനത്ത് കൊറോണ വ്യാപന തോത് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഇന്ന് സംസ്ഥാനത്ത് ഉണ്ടാകുക. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ തുറന്നു പ്രവർത്തിക്കും. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുവേണം കടകളുടെ പ്രവർത്തനമെന്നും സർക്കാർ നിർദ്ദേശമുണ്ട്. സ്വാതന്ത്ര്യദിനം , ഓണം എന്നിവ പ്രമാണിച്ച് സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇതിന് ശേഷം കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. ഇതേ തുടർന്നാണ് ഞായറാഴ്ച ലോക്ഡൗൺ പുന:സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും ആരംഭിക്കും. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. ചരക്ക് വാഹനങ്ങള്‍ക്ക് രാത്രി യാത്ര തുടരാം, അത്യാവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്.ദീര്‍ഘദൂര യാത്രക്കാര്‍ക്കും യാത്ര ചെയ്യാം. ട്രെയിന്‍ കയറുന്നതിനോ, എയര്‍പോര്‍ട്ടില്‍ പോകുന്നതിനോ, കപ്പല്‍ യാത്രക്കോ ആയി രാത്രി യാത്ര ചെയ്യാം, ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതിയാകും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ട്രിപ്പിള്‍ ലോക്ഡൗണും ശക്തമാക്കും. പ്രതിവാര രോഗവ്യാപനതോത് ഏഴ് ശതമാനമുള്ള സ്ഥലങ്ങളിലാണ് ലോക്ഡൗണ്‍ കര്‍ശനമാക്കുക.

Previous ArticleNext Article