India, News

ലോക്‌സഭയില്‍ സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി;കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപനേയും ഡീന്‍ കുര്യക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

keralanews complaint that threatened smrithi irani in loksabha move to suspend congress mps tn prathapan and dean kuriakose

ന്യൂഡൽഹി:ലോക്‌സഭയില്‍ സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപനേയും ഡീന്‍ കുര്യക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം.ഇതിനായുള്ള പ്രമേയം തിങ്കളാഴ്ച അവതരിപ്പിക്കും. അതേസമയം എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയത്തെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. തിങ്കളാഴ്ച സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും എംപിമാര്‍ക്ക് വിപ്പു നല്കി. ലോക്‌സഭയില്‍ സ്ത്രീസുരക്ഷ ഉന്നയിച്ചുള്ള ചര്‍ച്ചയ്ക്കിടെ സ്മൃതി ഇറാനിയും കേരള എംപിമാരും തമ്മില്‍ വാഗ്വാദമുണ്ടായിരുന്നു. ടിഎന്‍ പ്രതാപനും ഡീന്‍ കുര്യക്കോസും തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും സ്മൃതി ഇറാനി ആരോപിച്ചത് സഭയെ പ്രക്ഷുബ്ധമാക്കി.തുടര്‍ന്ന് ഇരുവരെയും പുറത്താക്കണമെന്ന് ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടു. മന്തികൂടിയായ വനിത അംഗത്തോടുള്ള പെരുമാറ്റവും സഭയോടും സ്പീക്കറോടുമുള്ള അനാദരവും കാരണം സസ്പെന്‍ഡ് ചെയ്യാന്‍ ചട്ടം 374 പ്രകാരമുള്ള പ്രമേയം എന്നാണ് അജണ്ടയില്‍ വ്യക്തമാക്കുന്നത്. ബിജെപിക്ക് ഭൂരിപക്ഷം ഉള്ള സാഹചര്യത്തില്‍ പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അവതരിപ്പിക്കുന്ന പ്രമേയം പാസാകും.ശീതകാല സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരേക്കാകും സസ്പെന്‍ഷന്‍. സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സ്മൃതി ഇറാനിക്കെതിരേ ആക്രോശവുമായി ടി എന്‍. പ്രതാപനും ഡീന്‍ കുര്യാക്കോസും നടുത്തളത്തില്‍ ഇറങ്ങിയത്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ആഭ്യന്തര മന്ത്രി സഭയിലില്ലായെന്നും പകരം മന്ത്രി സമൃതി ഇറാനിയോ താനോ മറുപടി നല്‍കാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേകര്‍ സഭയില്‍ വ്യക്തമാക്കായിരുന്നു. തുടര്‍ന്ന് സ്മൃതി ഇറാനി മറുപടി നല്‍കാന്‍ എഴുന്നേറ്റപ്പോള്‍ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതിനിടെയാണ് ടി എന്‍. പ്രതാപനും ഡീന്‍ കുര്യാക്കോസും മന്ത്രിക്കെതിരേ ആക്രോശവും ഭീഷണിയുമായി സഭയുടെ നടുത്തളത്തിലിറങ്ങിയത്. ഭീഷണി വേണ്ടെന്നും സ്ത്രീ ആയതു കൊണ്ടാണോ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതെന്ന് സ്മൃതി ചോദിച്ചു. പിന്നാലെ എംപിമാര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാരും രംഗത്ത് വന്നു. സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തുകയാണ് എംപിമാര്‍ ചെയ്തതെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു.

Previous ArticleNext Article