Kerala, News

കണ്ണൂരിൽ കോവിഡ് ബാധിതയുടെ മൃതദേഹം രഹസ്യമായി സംസ്ക്കരിച്ചതായി പരാതി; വീട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

keralanews complaint that the body of covid victim secretly buried in kannur police registered case against family

കണ്ണൂര്‍: കോവിഡ് ബാധിതയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിച്ചെന്ന് പരാതിയെ തുടർന്ന് വീട്ടുകാര്‍ക്കെതിരേ കേസെടുത്ത് പൊലീസ്.കൂത്തുപറമ്പ് മാങ്ങാട്ടിടം കണ്ടേരിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച വയോധികയുടെ മൃതദേഹമാണ് വീട്ടുകാര്‍ ആരോഗ്യപ്രവര്‍ത്തകരെയോ പൊലീസിനെയോ പഞ്ചായത്ത് അധികൃതരയോ അറിയിക്കാതെ സംസ്‌കരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖത്താല്‍ ചികിത്സയ്ക്ക് വിധേയമാക്കിയത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതര്‍ രോഗിയെ അഡ്‌മിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടെയുള്ളവര്‍ വിസമ്മതിച്ചു. ആരോഗ്യപ്രവര്‍ത്തകരെയോ പഞ്ചായത്ത് അധികൃതരെയോ അറിയിക്കാതെ രോഗിയുമായി വീട്ടിലേക്ക് മടങ്ങി.വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച മരിച്ചു.കോവിഡ് ബാധിച്ചാണ് ഇവര്‍ മരിച്ചത് എന്ന വിവരം നാട്ടുകാരെയോ അധികൃതരെയോ അറിയിക്കാതെ വീട്ടുകാർ ചടങ്ങുകള്‍ നടത്തി മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷമാണ് ജില്ലാ സെന്റര്‍ വഴി ആരോഗ്യവകുപ്പിന് കോവിഡ് ബാധിതയുടെ വിവരങ്ങള്‍ ലഭിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തുന്നതിനു മുന്‍പ് സംസ്‌കാര ചടങ്ങുള്‍പ്പെടെ കഴിഞ്ഞിരുന്നു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്തധികൃതരും വയോധിക കോവിഡ് ബാധിച്ച മരിച്ചതാണെന്ന വിവരം കൂത്തുപറമ്പ് പൊലീസില്‍ അറിയിക്കുകയായിരുന്നു.കോവിഡ് ബാധിച്ച്‌ മരിച്ച വിവരം മറച്ചുവെച്ച്‌ ശവസംസ്‌കാരം നടത്തിയതിന് വീട്ടുക്കാര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസെടുത്തു. ചടങ്ങില്‍ പങ്കെടുത്തവരെ അധികൃതര്‍ ഇടപെട്ട് നിരീക്ഷണത്തിലാക്കുകയും ചെയ്തു.

Previous ArticleNext Article