കാസര്‍കോട്:കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ ചേംബറിൽ പൂട്ടിയിട്ട സംഭവത്തില്‍ കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ഥലത്ത് സംഘര്‍ഷ സാധ്യത നില നില്‍ക്കുന്ന സാഹചര്യത്തില്‍ കോളേജിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കൂടാതെ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച സർവ്വകക്ഷി യോഗം ചേരാന്‍ സ്റ്റാഫ് കൗൺസിൽ യോഗം തീരുമാനിച്ചു.കാസർഗോഡ് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ എം രമയ്ക്കെതിരെയാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. വിദ്യാർത്ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രിൻസിപ്പൽ രമ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.ക്യാമ്പസിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യങ്ങളുണ്ടെന്ന പരാതി നൽകാനെത്തിയ വിദ്യാർത്ഥികളെയാണ് പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടത്. പ്രിൻസിപ്പൽ അപമര്യാദയായി പെരുമാറിയതായും ഇരുന്ന് സംസാരിക്കാൻ അവകാശമില്ലെന്ന നിലപാട് എടുക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പറയുന്നു.വാട്ടർ പ്യൂരിഫയറിളെ വെള്ളത്തിൽ അഴുക്കു കണ്ടതുകൊണ്ട് പരാതിപ്പെടാനാണ് എസ്എഫ്ഐ പ്രിൻസിപ്പലിനെ കണ്ടത്. എന്നാൽ ഈ വെള്ളം കുടിച്ചാൽ മതി തനിക്കു സമയമില്ലെന്നാണ് പ്രിൻസിപ്പൽ മറുപടി നൽകിയത്. ഇതിനു പരിഹാരം കാണാതെ മടങ്ങില്ലെന്ന് നിലപാടെടുത്ത് വിദ്യാർഥികൾ കുത്തിയിരുന്നതോടെ പ്രിൻസിപ്പൽ ചേംബർ പൂട്ടി പുറത്തിറങ്ങുകയായിരുന്നുവെന്നാണ് പരാതി. 15ൽ പരം വിദ്യാർഥികളെയാണ് പൂട്ടിയിട്ടത്.കോളേജില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ ചെളി കലര്‍ന്നിട്ടുണ്ടെന്നും അത് കുടിക്കാന്‍ യോഗ്യമല്ലെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഇത് പരിശോധിച്ച് പരിഹാരം കാണണമെന്നാണ് ആവശ്യം. എന്നാല്‍, പരിശോധന നടത്തിയപ്പോള്‍ മാലിന്യം കലര്‍ന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഉപയോഗശൂന്യമല്ലെന്നുമാണ് പ്രിൻസിപ്പാള്‍ പറയുന്നത്.