കണ്ണൂർ:കണ്ണൂരിൽ ജില്ലാ അഗ്രി ഹോട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച ഫ്‌ളവര്‍ ഷോയിൽ നിന്നും 59000 രൂപയുടെ ചെടികൾ മോഷണം പോയതായി പരാതി.വിലയേറിയ ഇന്‍ഡോര്‍ ചെടികളാണ് ആറു സ്റ്റാളുകളില്‍ നിന്നായി നഷ്ടപ്പെട്ടതെന്ന് പരിപാടിയുടെ സംഘാടകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.പരിപാടിയുടെ അവസാന ദിവസമായ ഫെബ്രുവരി മൂന്നിന് രാത്രി ഒന്നര മുതല്‍ രണ്ടര വരെ സമയത്താണ് ചെടികള്‍ മോഷണം പോയത്. വിലയേറിയ ചെടികള്‍ മറ്റു ചെടികള്‍കൊണ്ടു മറച്ച് സ്റ്റാളിനു കര്‍ട്ടന്‍ കെട്ടിയശേഷമാണ് സംഘാടകര്‍ വീടുകളിലേക്കു പോയത്. രാവിലെ തിരിച്ചെത്തിയപ്പോഴാണ് ചെടികള്‍ മോഷണം പോയതായി മനസിലായത്.മോഷണം നടന്ന രാത്രി ഇവിടെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും മോഷണം അവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പറയുന്നു. ഇതോടെയാണ് ദുരൂഹത വര്‍ധിച്ചത്. അവസാനദിനം രാത്രി പത്തോടെ ചില സ്റ്റാളുകളില്‍ എട്ടംഗസംഘമെത്തി ചെടികള്‍ക്കു വിലപേശുകയും സ്റ്റാള്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തതായി നഴ്‌സറിയുടമകള്‍ പറയുന്നു. ഇവരാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സംഘാടകര്‍ പറയുന്നു.