പാലക്കാട്:അപകടത്തില്‍ പരിക്കേറ്റ ഏഴാം ക്ലാസുകാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കിവിട്ട് കാർ യാത്രക്കാർ രക്ഷപ്പെട്ടെന്ന് ബന്ധുക്കൾ. കാറിന്റെ ടയർ പഞ്ചറായെന്ന് പറഞ്ഞു കാറിലുണ്ടായിരുന്നവർ കുട്ടിയെ വഴിയിൽ ഇറക്കിവിട്ടു. മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകൻ സുജിത്താണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് അപകടം ഉണ്ടായത്. ഏഴാം ക്ലാസുകാരനായ സുജിത്ത് മിഠായി വാങ്ങാന്‍ പോകുന്ന വഴിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ അതേ വാഹനത്തില്‍ തന്നെ കയറ്റി. എന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ നിൽക്കാതെ കാര്‍ യാത്രക്കാര്‍ കടന്നു കളഞ്ഞെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.പരിക്കേറ്റ കുട്ടിയുമായി 5 കിലോമീറ്ററോളം മുന്നോട്ട് പോയ കാര്‍ വഴിയില്‍ നിര്‍ത്തി.കുട്ടിയുടെ തലയില്‍ നിന്ന് രക്തമൊഴുകാന്‍ തുടങ്ങിയതോടെയാണ് കാര്‍ നിര്‍ത്തിയത്. കാറിന്റെ ടയര്‍ പഞ്ചറായി എന്ന ന്യായം പറഞ്ഞാണ് കുട്ടിയേയും കൂടെ ഉളളവരേയും വഴിയില്‍ ഇറക്കി വിട്ടത്. തുടര്‍ന്ന് അതുവഴി വന്ന വാനില്‍ കയറ്റിയാണ് കുട്ടിയെ നാട്ടുകല്ലിലെ ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. അപടകം നടന്ന് ഒരു മണിക്കൂറിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കാനായത്.ഇടിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മലപ്പുറം പുത്തനത്താണി സ്വദേശിയായ അഷ്റഫിന്റെ വാഹനമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കസബ പൊലീസ് സ്റ്റേഷനില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അപ്പുപ്പിളളയൂര്‍ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സുജിത്ത്.