കണ്ണൂര്‍:പനിയെതുടര്‍ന്ന് കണ്ണൂര്‍ പാനൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് മരുന്ന് മാറ്റി കൊടുത്തതായി പരാതി.പനിയുടെ മരുന്നിന് പകരം കുട്ടിക്ക് പ്രമേഹത്തിനുള്ള മരുന്ന് മാറിനൽകിയതായാണ് പരാതി.സംഭവത്തിൽ മാതാപിതാക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോഗ്യവകുപ്പിലും പോലീസിലും പരാതി നല്കി.കഴിഞ്ഞ ചൊവ്വാഴ്ചയാണ് എട്ടുവയസുകാരി വൈഘയെ പനി ബാധിച്ചതിനെതുടര്‍ന്ന് പാനൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചത്.ഡോക്ടര്‍ പരിശോധിച്ച് മരുന്ന് എഴുതി നല്കി.ആശുപത്രി ഫാര്‍മസിയില്‍നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തി.മരുന്ന് കഴിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും പനി മാറിയില്ല. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് മരുന്ന് മാറി നല്കിയ വിവരം അറിയുന്നത്. ഡോക്ടര്‍ ശരിയായ മരുന്നാണ് എഴുതി നല്‍കിയതെങ്കിലും ഫാര്‍മസിയില്‍നിന്ന് നൽകിയ മരുന്ന് മാറിപോവുകയായിരുന്നു.രണ്ട് മാസത്തിനുള്ളില്‍ ഇത് ആറാംതവണയാണ് പാനൂര്‍ ആശുപത്രി ഫാര്‍മസിയില്‍നിന്ന് മരുന്ന് മാറി നല്‍കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.ഇത് ചൂണ്ടികാട്ടി ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.