Kerala, News

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി

keralanews complaint that finanacial fraud happened in united nurses association

തിരുവനന്തപുരം:നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍(യുഎൻഎ) വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി.പ്രസിഡന്റ് ജാസ്മിൻ ഷാ വൻ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുഎൻഎ മുൻ വൈസ് പ്രസിഡന്റ് ഡിജിപിക്ക് പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എ.ഡി.ജി.പിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. തട്ടിപ്പ് നടത്തിയതിന്റെ തെളുവുകളും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്. മൂന്നുകോടിയോളം രൂപ ജാസ്മിൻ ഷായും മറ്റ് യുഎൻഎ ഭാരവാഹികളും ചേർന്ന് സംഘടനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും തട്ടിയതായാണ് പരാതി.മാസാവരി പിരിച്ച മൂന്നുകോടിയിലേറെ പണം മൂന്ന് അക്കൗണ്ടുകളിലായാണ് നിക്ഷേപിച്ചിരുന്നത്.ഇതിൽ ഒരുകോടി രൂപ ചിലവഴിച്ചതിന് കണക്കുകളുണ്ട്.എന്നാൽ ബാക്കി തുക അക്കൗണ്ടിൽ നിന്നും പിൻവലിച്ചെങ്കിലും വ്യക്തമായ കണക്കില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു.പലതവണ സംഘടനയോട് കണക്കുകൾ ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നു.അതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നതെന്ന് മുൻ വൈസ് പ്രസിഡന്റ് പറഞ്ഞു.അതേസമയം ഏതൊരു അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പ്രതികരിച്ചു. യു.എന്‍.എക്കെതിരെയുള്ള എല്ലാ ആരോപണങ്ങളില്‍ നിന്നും മുക്തമാകാന്‍ ഇത്തരം അന്വേഷണങ്ങള്‍ സഹായിക്കട്ടെയെന്നും ജാസ്മിന്‍ ഷാ ഫേസ്ബുക്കില്‍ കുറിച്ചു.

Previous ArticleNext Article