കണ്ണൂര്‍:കോർപറേഷൻ മേയര്‍ സുമ ബാലകൃഷ്ണനെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കൈയേറ്റം ചെയ്തതായി പരാതി.ബുധനാഴ്ച കൗണ്‍സില്‍ യോഗത്തിന് മുൻപായി മേയറുടെ മുറിയില്‍വെച്ച് ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള ബഹളത്തിനിടെയാണ് മേയര്‍ക്കെതിരേ കൈയേറ്റ ശ്രമമുണ്ടായത്. ഇടതുപക്ഷ അനുകൂല സംഘടനയായ കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്പ്പറേഷന് സ്റ്റാഫ് യൂണിയന്റെ സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ടെത്തിയ പ്രതിപക്ഷാംഗങ്ങള്‍ മേയര്‍ക്ക് നേരെ കൈയേറ്റം ശ്രമം നടത്തിയെന്നാണ് യു.ഡി.എഫിന്റെ ആരോപണം.കണ്ണൂര്‍ നഗരസഭയിലെ ജീവനക്കാര്‍ കോര്പ്പറേഷന് മന്ദിരത്തിന് പുറത്ത് ഡെപ്യൂട്ടി മേയര്‍ക്കെതിരെ സമരം നടത്തുന്നുണ്ട്. ഈ വിഷയം ഇടതു കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇടതു കൗണ്‍സിലര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്ന് മേയര്‍ സുമ ബാലകൃഷ്ണന് പറഞ്ഞു. കൗണ്‍സില്‍ യോഗത്തിലേക്ക് വരുമ്ബോള്‍ തന്നെ കടത്തി വിടാതെ തടഞ്ഞു. പ്രമോദ് എന്ന കൗണ്‍സിലര്‍ നെഞ്ചത്ത് കുത്തുകയും ചവിട്ടുകയും ചെയ്തു. ചവിട്ടേറ്റ് വീണതോടെ പിന്നെ സംഘര്‍ഷമായി. രാജീവ്, മുരളി, സജിത്ത് എന്നീ കൗണ്‍സിലര്‍മാരും ആക്രമിച്ചവരിലുണ്ടായിരുന്നുവെന്നും മേയര്‍ പറഞ്ഞു.തന്നെ ഉപദ്രവിക്കുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും രക്ഷിക്കാനോ സുരക്ഷിതയായി പുറത്ത് എത്തിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്നും മേയര്‍ സുമ ബാലകൃഷ്ണന് പറഞ്ഞു.കൈയേറ്റ ശ്രമത്തിന് പിന്നാലെ രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് വ്യാഴാഴ്ച കണ്ണൂര്‍ കോര്പറേഷന് പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് ഹര്‍ത്താല്‍.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.