കരിവെള്ളൂർ ∙ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച കരിവെള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പഴയകെട്ടിടത്തിന്റെ ഫൈബർ സീലിങ് ആശുപത്രി കെട്ടിടം ഉപയോഗിക്കുന്നതിന് മുൻപ് തന്നെ തകർന്നു വീണു..കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പഴയകെട്ടിടം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. മൂന്നു വർഷം മുൻപ് പണി പൂർത്തിയാക്കിയെങ്കിലും നവീകരിച്ച കെട്ടിടം ഇതുവരെ ഉപയോഗിച്ചിരുന്നില്ല.
നിർമാണ കാലഘട്ടത്തിൽ തന്നെ ഗുണനിലവാരം കുറഞ്ഞ വസ്തുക്കളാണ് ഉപയോഗിച്ചതെന്നു വ്യാപക പരാതി ഉണ്ടായിരുന്നു. ശബ്ദം കേട്ട് മാറിയതിനാൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ശശീന്ദ്രൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി.പി.നൂറുദ്ദീൻ,കരിവെള്ളൂർ– പെരളം പഞ്ചായത്ത് ശുചിത്വ കമ്മിറ്റി കൺവീനർ എന്നിവർക്കും ആശുപത്രി ജീവനക്കാരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.