പേരാവൂര്‍: മണത്തണ കൊട്ടംചുരത്തെ വീട്ടുകിണറിലെ വെള്ളത്തിന് പാലിന്റെ നിറമായി. കൂട്ടേന്റവിട രവീന്ദ്രന്റെ വീട് കിണറിലെ വെള്ളത്തിനാണ് നിറം മാറ്റം ഉണ്ടായത്. ഞാറാഴ്ച ഉച്ചയോടെ ആണ് വെള്ളത്തിന് നേരിയ നിറം മാറ്റം കാണാൻ തുടങ്ങിയത്. ഇതേ തുടർന്ന് വീട്ടുകാർ കിണർ വൃത്തിയാക്കി. എന്നാൽ വീണ്ടും പാൽ നിറമുള്ള വെള്ളം ഉറവകളിലൂടെ വരാൻ തുടങ്ങി. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തുകയും വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കയക്കുകയും ചെയ്തു. ഇതിന്റെ റിസൾട്ട് വരുന്ന വരെ വെള്ളം ഉപയോഗിക്കരുതെന്നു നിർദേശം നൽകുകയും ചെയ്തു.
വെള്ളം വറ്റുന്ന സമയമായതിനാല്‍ ഭൂമിക്കടിയിലെ വെള്ള കളിമണ്ണ് സമീപത്തെ ഉറവകളിലേക്ക് പരക്കുകയും സമീപത്തെ താഴ്ന്നയിടങ്ങളിലെ കിണറുകളിലേക്ക് എത്തുകയും ചെയ്യും . അതാവാം നിറം മാറ്റത്തിനു കാരണമെന്നും ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ വെള്ളം പൂർവ്വസ്ഥിതിയിലാവുകയും ചെയ്യുമെന്നും ഹൈഡ്രോ ജിയോളജിസ്റ്റും ജലനിധി മുന്‍ റീജണല്‍ ഡയറക്ടറുമായിരുന്ന ഇ.വി.കൃഷ്ണന്‍ പറഞ്ഞു.