ചേര്‍ത്തല: ദുരിതാശ്വാസ ക്യാമ്ബില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് പാർട്ടി സസ്‌പെൻഡ് ചെയ്ത സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കും. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഓമനക്കുട്ടന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പരാതിയില്ലെന്ന് ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കൂടാതെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടന്‍ ചെയ്തതെന്ന് പാര്‍ട്ടി വിലയിരുത്തി. കൂടാതെ ഓമനക്കുട്ടനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പൊലീസ് പിന്‍വലിക്കും.ചേര്‍ത്തല തെക്കു പഞ്ചായത്ത് ആറാംവാര്‍ഡ് എസ്.സി കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്ബില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയെതുടർന്നാണ് സി.പി.എം കുറുപ്പംകുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം എസ്. ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അര്‍ത്തുങ്കല്‍ പൊലീസ് കേസെടുത്തത്. തഹസില്‍ദാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസ്.സംഭവം പുറത്തായതോടെ ഓമനക്കുട്ടനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡു ചെയ്തതായി സി.പി.എം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ അറിയിക്കുകയായിരുന്നു.ഇന്നലെ വൈകിട്ട് ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗം ഇതിന് അംഗീകാരവും നല്‍കി. ഓമനക്കുട്ടന്‍ പണപ്പിരിവു നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പാര്‍ട്ടിയും സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടത്. എന്നാൽ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞതോടെ ഓമനക്കുട്ടനെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് പിന്‍വലിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നൽകുകയായിരുന്നു. ഓമനക്കുട്ടനോട് സര്‍ക്കാര്‍ ക്ഷമ ചോദിക്കുകയും ചെയ്തു.ദുരന്തനിവാരണ അതോറിറ്റി തലവന്‍ വേണു ഓമനക്കുട്ടനോട് ക്ഷമചോദിച്ച് നേരത്തെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ നിര്‍ദേശം.ഓമനക്കുട്ടന്‍ കഴിഞ്ഞ കാലങ്ങളിലും ക്യാമ്പിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തിയ ആളാണെന്ന് മനസ്സിലായെന്നും ഓട്ടോക്കൂലി കൊടുക്കാനായാണ് അദ്ദേഹം പണം പിരിച്ചതെന്നും വേണു കുറിച്ചു. പോലീസ് കേസുമായി വകുപ്പ് മുന്നോട്ടു പോവില്ലെന്നും കേസ് പിന്‍വലിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.