കോയമ്പത്തൂര്‍: ഉക്കടത്തെ സ്‌ഫോടനക്കേസില്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ. ചുമത്തിയതായി കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വി.ബാലകൃഷ്ണ.വർഗീയ കലാപമായിരുന്നു പ്രതികളുടെ ലക്ഷ്യം. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 20 പേരെ ചോദ്യം ചെയ്തു. പരിശോധനകളും ചോദ്യം ചെയ്യലുകളും തുടരുകയാണെന്നും കമ്മീഷണർ അറിയിച്ചു.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നിലവിൽ അറസ്റ്റിലായ പ്രതികളിൽ ചിലർ കേരളം സന്ദർശിച്ചിട്ടുണ്ട്. കേരളം സന്ദർശിക്കാനിടയായ സാഹചര്യം എന്താണെന്ന് അന്വേഷിച്ച് വരികയാണ്. 2019ൽ എൻഐഎ ചോദ്യം ചെയ്തവരുൾപ്പെടെ ഇപ്പോൾ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ പത്തുതവണ കൈമാറിയാണ് ജമീഷ മുബിന്റെ കൈവശമെത്തിയത്.ഇയാള്‍ക്ക് കാര്‍ സംഘടിപ്പിച്ച് നല്‍കിയത് അറസ്റ്റിലായ മുഹമ്മദ് തല്‍ഹയാണ്. ഇയാള്‍ അല്‍-ഉമ്മ സ്ഥാപകനും 1998-ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരനുമായ ബാഷയുടെ സഹോദരപുത്രനാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.ഇയാൾ കൂടാതെ മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊട്ടാസ്യം, ചാർക്കോൾ, അലുമിനിയം പൗഡർ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തിയെന്നും കമ്മീഷണർ അറിയിച്ചു. സ്‌ഫോടനം നടന്ന സാഹചര്യത്തിലും പ്രതികൾക്ക് ഐഎസ് ബന്ധമുണ്ടെന്ന സൂചനകൾ ലഭിക്കുന്നതിനാലും കോയമ്പത്തൂർ നഗരത്തിൽ സുരക്ഷ ശക്തമാക്കി. ദ്രുതകർമ്മ സേനയെ നഗരത്തിന്റെ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ആർഎഎഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണങ്ങളും പരിശോധനകളും ഉണ്ടാകും.