Kerala, News

എൻഡോസൾഫാൻ ദുരിതബാധിതരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

protest of Endosulfan pesticide victims and their family members

തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രെട്ടറിയേറ്റിന് മുൻപിൽ സമരം നടത്തുന്ന എൻഡോസൾഫാൻ ദുരിതബാധിതരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സമരക്കാരുമായി താന്‍ നേരിട്ട് ചര്‍ച്ച നടത്താമെന്നും അറിയിച്ചിട്ടുണ്ട്.ചര്‍ച്ചയ്‌ക്ക് സന്നദ്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഉറപ്പില്ലാതെ പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ ദയാബായിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അഞ്ച് ദിവസമായി സമരത്തിലാണ്.അതിനിടെ കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ദുരിതബാധിതരുടെ അമ്മമാരുടെ നിലപാട്. കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.പെന്‍ഷന്‍ തുക 5000 രൂപയായി ഉയര്‍ത്തുക, കടം എഴുതിത്തള്ളുക, സുപ്രീം കോടതി ആനുകൂല്യം എല്ലാവര്‍ക്കും ലഭ്യമാക്കുക, ചികിത്സാ ആനൂകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

Previous ArticleNext Article