കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡിക്ക് മുന്നില്‍ ഹാജരായി. ഇ.ഡിയുടെ കൊച്ചി ഓഫീസിലാണ് സി.എം രവീന്ദ്രന് ഹാജരായത്. രവീന്ദ്രന്റെ ഹരജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് ഇ.ഡിക്ക് മുന്നില്‍ ഹാജരായത്. നേരത്തെ ഈ മാസം പതിനേഴിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം.രവീന്ദ്രൻ പല പ്രാവശ്യം വിളിച്ചതായി നേരത്തെ സ്വപ്നയുടെ മൊഴിയുള്ളതായി ഇ.ഡി കണ്ടെത്തിയിരുന്നു. നാലാമത്തെ നോട്ടീസിലാണ് രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരായത്. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം കഴിഞ്ഞ മൂന്ന് തവണയും ചോദ്യം ചെയ്യലിന് എത്താതിരുന്നത്.കൊറോണ ബാധിതനാണെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി ഒഴിയുകയായിരുന്നു.തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ രവീന്ദ്രനെ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സംഘമെത്തി പരിശോധിക്കുകയും മരുന്ന് കഴിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.രവീന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കാനും ഇ.ഡി.ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് വടകരയിൽ രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങിൽ ഇ.ഡി.പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സി.എം.രവീന്ദ്രന്റെ സ്വത്ത് വിവരങ്ങൾ തേടി രജിസ്ട്രേഷൻ വകുപ്പിന് ഇ.ഡി. കത്തയക്കുകയും ചെയ്തു.