തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കാരണം നിലച്ച പത്താംക്ലാസ്, ഹയര്‍ സെക്കന്ററി പൊതുപരീക്ഷകള്‍ മെയ് 21 നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി.നേരത്തെ പൂർത്തിയായ പരീക്ഷയുടെ മൂല്യ നിർണയം മെയ് 13ന് ആരംഭിക്കും. പ്രൈമറി, അപ്പർ പ്രൈമറി തലത്തിലെ 81600 അധ്യാപകർക്ക് അധ്യാപക പരിശീലനം ഓൺലൈനായി ആരംഭിച്ചിരുന്നു. ഇത് പൂർത്തിയാക്കും. കുട്ടികൾക്ക് പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനൽ ഉപയോഗിച്ച് നടത്തും. ‘സമഗ്ര’ പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിന്‍ വഴി ഇതിനാവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് ഇത് മെയ് 14ന് ആരംഭിക്കും. കേബിളിനും ഡിടിഎച്ചിനും പുറമേ വെബിലും മൊബൈലിലും ലഭ്യമാക്കും. ഈ സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിക്ടേഴ്സ് ചാനല്‍ തങ്ങളുടെ ശൃംഖലയില്‍ ഉണ്ട് എന്നുറപ്പാക്കാന്‍ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ഡിടിഎച്ച് സേവന ദാതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.