തിരുവനന്തപുരം: പിഎസ്സി നിയമന വിവാദത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് കെട്ടിയ ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രവര്‍ത്തകരില്‍ ചിലര്‍ പോലീസിനു നേരെ കല്ലേറ് നടത്തി. സെക്രട്ടറിയേറ്റിന് ഉള്ളിലേക്കും ചെരിപ്പുകളും കമ്പുകളും പ്രവര്‍ത്തകര്‍ എറിഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തീവിശിയ പൊലീസ് കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിച്ചു.ബാരിക്കേട് ലംഘിക്കാനുള്ള ശ്രമം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായതിനെ തുടര്‍ന്നാണ് പൊലീസ് ജല പീരങ്കി പ്രയോഗിച്ചത്. നാല് തവണയാണ് ജല പീരങ്കി പ്രയോഗിച്ചത്.കണ്ണീര് വാതകത്തെ തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ച് മുദ്രാവാക്യം വിളിക്കുകയും പൊലീസ് നടപടിയില്‍ പ്രതിഷേധിക്കുകയും ചെയ്തു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി വിഷ്ണുവടക്കം നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അതേസമയം നിയമന വിവാദത്തില്‍ ഇന്നും യുവജനസംഘടനകളുടെ പ്രതിഷേധമുണ്ടായി. കോഴിക്കോട്,തൃശൂര്‍ പി.എസ്.സി ഓഫീസുകളിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോഴിക്കോട് പി.എസ്.സി ഓഫീസ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. ഒരു മണിക്കൂറോളം ഉദ്യോഗസ്ഥര്‍ ഓഫീസിനുള്ളില്‍ കുടുങ്ങി കിടന്നു. തൃശൂര്‍ പി.എസ്.സി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. രണ്ടിടത്തും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കൊടുങ്ങല്ലൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.