കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരേ സമരം നടത്തുന്നവരും പോലീസും തമ്മിൽ വീണ്ടും സംഘർഷം.സമരക്കാരെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടിവന്നു.രാവിലെ പ്രദേശത്തുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയാണ് പിന്നാലെ അരങ്ങേറിയത്. സമരക്കാർ മുക്കം-അരീക്കോട് റോഡ് ഉപരോധിച്ചു. ഇതിനിടെയാണ് വീണ്ടും സംഘർഷം അരങ്ങേറിയത്. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഒരു മാസത്തോളമായി നിർത്തിവച്ച ജോലികൾ പുനരാരംഭിക്കുന്നതിനായി ഗെയിൽ അധികൃതർ ഇന്ന് രാവിലെ പോലീസ് സാന്നിധ്യത്തിൽ എത്തിയപ്പോഴാണ് സ്ഥലത്ത് സംഘർഷം ഉടലെടുത്തത്. ഗെയിലിന്‍റെ വാഹനത്തിന് നേരെ സമരക്കാർക്കിടയിൽ നിന്ന് കല്ലേറുണ്ടായതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തുടർന്ന് പോലീസ് ലാത്തിവീശി സമരക്കാരെ ഓടിക്കുകയായിരുന്നു. ലാത്തി ചാർജിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘർഷമുണ്ടായത്.