തിരുവനന്തപുരം:കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘർഷം.പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു.പൊലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിഞ്ഞു.സമരക്കാർക്ക് നേരെ പൊലീസ് ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു.നിരവധി കെഎസ്‍യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു.ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അടക്കം മൂന്ന് പൊലീസുദ്യോഗസ്ഥർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. കല്ലേറിലാണ് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റത്. മാതൃഭൂമി ഓൺലൈൻ ക്യാമറാമാൻ പ്രവീൺ അടക്കമുള്ള മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. തുടക്കത്തിൽ പൊലീസ് സംയമനം പാലിച്ചെങ്കിലും പിന്നീട്, കല്ലേറ് ശക്തമായതോടെ പൊലീസ് നടപടി തുടങ്ങുകയായിരുന്നു. കെഎസ്‍യുവിന്‍റെ സമരപ്പന്തലിൽ കയറി പൊലീസ് സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഇതേത്തുടർന്ന് സ്ഥലത്ത് വലിയ പ്രതിഷേധവുമുണ്ടായി. സംഘർഷത്തെത്തുടർന്ന് കെ എം അഭിജിത്ത് നിരാഹാരസമരം അവസാനിപ്പിച്ചു. എന്നാൽ രാപ്പകൽ സമരം യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തുടരുമെന്ന് എംപി ഡീൻ കുര്യാക്കോസ് പ്രഖ്യാപിച്ചു.അതേസമയം, ഡീനിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്തു കൊണ്ടുപോയവരുടെ വാഹനം തടഞ്ഞതിനാണ് ഡീനിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.