Kerala, News

കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം;നിരവധി പ്രവർത്തകർക്ക് പരിക്ക്;നാല് പോലീസുകാര്‍ക്കും പരിക്കേറ്റു

keralanews clash in ksu secretariat march several activists and four policemen injured

തിരുവനന്തപുരം: കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കൺട്രോൾ റൂം സിഐ എസി സദൻ ഉൾപ്പെടെ പൊലീസുകാർക്കും പരിക്കുണ്ട്. പൊലീസ് ജല പീരങ്കിയും ലാത്തിയും പ്രയോഗിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ കെഎസ്.യു പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിനിടെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതോടെ, പൊലീസ് ലാത്തി വീശുകയായിരുന്നു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ ജലപീരങ്കിയും പ്രയോഗിച്ചു.കെ.എസ്.യു വൈസ് പ്രസിഡന്റ് സ്‌നേഹയുടെ തലയ്ക്ക് പരുക്കേറ്റു. കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരാണ് മാര്‍ച്ചിനെത്തിയത്. അഭിജിത്തിനും സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്ബലത്തിനുമടക്കം പരുക്കേറ്റു.ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധിച്ച്‌ വീണ്ടും മാര്‍ച്ച്‌ നടത്താനാണ് കെഎസ്.യുവിന്റെ തീരുമാനം. നിരവധി പ്രവര്‍ത്തകരാണ് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്. സംഘര്‍ഷാവസ്ഥ വീണ്ടുമുണ്ടാകുമെന്ന് കണക്കിലെടുത്ത് സ്ഥലത്ത് വന്‍പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പത്തോളം പ്രവര്‍ത്തകര്‍ക്കും അഞ്ച് പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ചിലരെ ആശുപത്രിയിലേക്ക് മാറ്റി.സെക്രട്ടറിയേറ്റിൽ നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഉദ്യോഗാർഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാർച്ച് നടത്തിയത്.പൊലീസ് ലാത്തിച്ചാര്‍ജിനെതിതെ കെഎസ്‌യു നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും.

Previous ArticleNext Article